ഒരു ജാലകം ഉണ്ട് എന്റെ വീട്ടിൽ
അഴികളില്ലാത്തത്
അതിനിന്നലെ വരെ നിന്റെ പേരായിരുന്നു
കാണാൻ കൊതിച്ച കിനാക്കളത്രയും
മഴയായ് പെയ്തു തീർന്നപ്പോൾ
ഒന്നിച്ചിരുന്ന് നമ്മൾ കണ്ടു തീർത്തത്
ആ ജാലകത്തിലൂടെ ആയിരുന്നു
ബാക്കി വന്ന സമ്മാനങ്ങളുടെ
കണക്കെടുക്കുകയായിരുന്ന
ഇന്നലെ രാത്രി, അടച്ചിട്ട മുറിയിൽ
ഒരു ജന്മം മുഴുവൻ പാടിത്തീറ്ക്കാൻ പാട്ട്
നീ ഒരു കുന്നിക്കുരുവിലാക്കിത്തന്നത്
കഥകൾ തീരാത്ത ഒരു പുസ്തകം
സ്വർണ്ണക്കസവുള്ള ഒരു നാട
മിഠായിക്കടലാസ്സ്കൊണ്ട് തീർത്ത ഒരു കുഞ്ഞ്
എല്ലാമൊളിച്ചു വെയ്ക്കാൻ സ്ഥലം ഭൂമിയിൽ
ബാക്കിയില്ലല്ലോ എന്ന് വിഷണ്ണനായി
ഞാൻ ജാലകപ്പുറത്ത് ഭൂമിയെത്ര
ചെറുതായിപ്പോയി എന്നോർത്തു
അപ്പോഴാണ് അവൾ വന്നത്
ആ അണ്ണാൻ കുഞ്ഞ്
ഇതുവരെ കിട്ടിയതും കിട്ടാനിരിയ്ക്കുന്നതുമായ
എല്ലാ സമ്മാനങ്ങളും ഓർമ്മകളും സ്വപ്നങ്ങളും
ഒളിച്ച് വെയ്ക്കാനവളുടെ കൂട്ടിൽ സ്ഥലം
തരാമെന്ന് പറഞ്ഞു
പുറത്ത് ബാൽക്കണിയിലെ ഉണക്ക മരത്തിന്റെ
താഴെയാണ് കൂട്
സൌകര്യത്തിനു വേണ്ടി ഞാനവൾക്ക്
ഒരു പേരിടട്ടെ എന്നു ചോദിച്ചു
അവൾ പറഞ്ഞു
എനിക്ക് ഒരു പേരുണ്ട്
“----------“
അത് നിന്റെ പേർ തന്നെയായിരുന്നു
No comments:
Post a Comment