സമ്മതിച്ചു, എല്ലാം മറക്കണം.
മാലിന്യങ്ങൾ കഴുകിക്കളഞ്ഞ്,
നമുക്ക് സ്ഫടികമാകണം.
അവ……….
അതെ;
എന്നിട്ട് നമ്മിലൂടെ കടന്ന്
പ്രകാശരശ്മികൾ
മഴവിൽക്കുഞ്ഞുങ്ങളായ് പുനർജ്ജനിയ്ക്കണം.
ഈ കഥ, ഇനി
ഇവിടെ, അവസാനത്തിൽ നിന്ന്
നമുക്ക് തുടക്കത്തിലേയ്ക്കെഴുതാം.
കഥയുടെ അവസാനം,
ആദ്യമായി കണ്ടുമുട്ടുന്നവർ,
ഏകന്തമായി നടന്ന വഴികളിലേയ്ക്ക്
തിരിച്ചു നടക്കും, ഇക്കുറി ഒരുമിച്ച്.
വഴിയിൽ,
ഒരു വൃശ്ചികക്കാറ്റിൽ
പട്ടം പറത്തിക്കൊണ്ട്
ഒരൊമ്പതു വയസ്സുകാരിയുടെ വാശി.
കണക്കുകൂട്ടിയാൽ, അവന്
വയസ്സ് പതിനഞ്ച്.
ചാറ്റൽ മഴ നനഞ്ഞ്
പട്ടം എവിടെയോ തകർന്ന് വീണു.
ഓടിത്തളർന്ന് വീണപ്പോൾ
ചളിയിൽ കുതിർന്ന കുഞ്ഞിപ്പാവാട.
പൊട്ടിയൊഴുകാൻ പോകുന്ന
മാനത്തേയ്ക്ക് നോക്കി
അവൾ മുമ്പിൽ നിന്നു.
മുഖത്ത് തുള്ളികെട്ടിയ ചാറ്റുമഴ
അവൻ തുടച്ചുകൊടുത്തപ്പോൾ
ഒഴുകിയിറങ്ങി, കണ്ണിൽ നിന്നൊരു
പെരുമഴ!
സാരമില്ല, നമുക്ക് ഇതൊക്കെ
കഴുകിക്കളയാം.
വരാൻ പോകുന്ന പെരുമഴയിൽ
മാലിന്യങ്ങൾ കഴുകി
നമുക്ക് സ്ഫടികമാകാം.
പക്ഷെ,
ആ മഴ പെയ്തുതീർന്നപ്പോൾ
ജീവിതം പകുതി തീർന്നിരുന്നു.
കഥയും –
ബാക്കി കഥയോ?
ബാക്കി കഥയിൽ
ഞാനും എന്റെ മകളും
നീയും നിന്റെ മകനും
മാത്രം, നമ്മളില്ല;
ഇനി മക്കൾ ജീവിക്കട്ടെ.
പക്ഷെ, കഴിഞ്ഞ പകുതിയിലും
നമ്മളില്ലായിരുന്നു,
ഞാനും നീയും മാത്രമായിരുന്നു.
അതെ, ഇല്ലാത്ത ഒരു കഥയിൽ,
അല്ലെങ്കിൽ,
വേറെ ഒരു കഥയുടെ
ഇടവേളയിലായിരിക്കണം
നമ്മൾ ജീവിച്ചത്,
ഇടവേള തീർന്നു.
കുട്ടികൾ സ്കൂളിൽ നിന്ന്
വരാറായി.
No comments:
Post a Comment