നമ്മുടെ ഈ കാലം കഴിഞ്ഞാൽ
പിന്നെ അവരുടെ ആ നല്ല കാലം വരും
എല്ലാ ഒഴിവു ദിവസങ്ങളിലും
ഓർമ്മയിലേയ്ക്ക് തുറന്നു കിടന്ന ഒരു വാതിൽ
രണ്ടാം നിലയിൽ അടഞ്ഞു കിടക്കും
നല്ല കാലം പുറത്ത് കാത്തു നിൽക്കും
നിറുത്താതെ അടിയ്ക്കുന്ന മണി കേൾക്കാൻ
ആളൊഴിഞ്ഞു പോയ രണ്ടു മുറികൾ
കഥയും കവിതയും ഉണങ്ങിപ്പോയ
മൂന്നാമത്തെ മുറിയിൽ
ഓർമ്മ ദിവസങ്ങൾ അടയാളപ്പെടുത്തീയ
കലണ്ടർ ചിതലരിയ്ക്കും.
കറുത്ത പനിനീർപ്പൂക്കൾ വിരിയുന്ന
ബാൽക്കണിയിൽ
അഴിയാൻ തുടങ്ങുന്ന കണ്ണുകളിലൂടെ
അണ്ണാറക്കണ്ണൻ ഭ്രാന്തിന്റെ അവസാനത്തെ കണ്ണി കാണും
നല്ല കാലം വരും അവർക്കെല്ലാം
പ്രഭാതസവാരിയിൽ ഗായകനില്ലാത്ത
പാട്ടു കേൾക്കും
സാന്ധ്യ ശോഭയിൽ തിളങ്ങിയ മുഖം
ചുരുങ്ങിച്ചുരുങ്ങി ഒരു തുള്ളി കണ്ണുനീരാകും
ഉച്ചമയക്കങ്ങളിലെ സ്വപ്നങ്ങളെല്ലാം
പ്രേക്ഷകരില്ലാതെ മറന്നൊടുങ്ങും.
ഒരു നാൾ സ്വയം കൊളുത്തീയ തീ കെടുത്താൻ
മഴയ്ക്കു വേണ്ടി ഭ്രാന്തിത്തള്ള അലറുമ്പോൾ
പെയ്യാത്ത മഴ നനഞ്ഞ്
ഉണങ്ങിപ്പോയ മഴവിൽക്കൊമ്പും കൊണ്ട്
ഒടുവിലത്തെ ഭ്രാന്തൻ എത്തിച്ചേരും.
അകലെ കമാനങ്ങൾ തീർത്ത വാതിലുകൾക്കപ്പുറത്ത്
മുട്ടുകുത്തി നിന്നവർ നല്ല കാലം നൽകിയ ദൈവത്തിന് നന്ദി പറയും
പിന്നെ ഭൂമിയിലവശേഷിയ്ക്കുന്ന
ഭ്രാന്തന്മാരെ രക്ഷിയ്ക്കാൻ ഇറങ്ങിപ്പോകും.
Aarum comment itilla alle, ee kavikku. Kavithakal nannayirikkunnu. nerippodu thanne.
ReplyDelete