Saturday, 4 September 2010

കാഴ്ചയുടെ മറുപുറം


ആദ്യം കണ്ണു തുറക്കുമ്പോൾ
നമ്മൾ അറിയുന്നില്ല.

കണ്ണു കണ്ണാണെന്നും,
കാണാൻ പോകുന്നതു മുഴുവൻ
കാഴ്ചയാണെന്നും,
അറിയാത്തതു കൊണ്ടായിരിയ്ക്കും.



അവസാനം കണ്ണടയുമ്പോഴും….


കണ്ണിന്റെയും കണ്ട കാഴ്ചകളുടേയും
മറുപുറം അറിഞ്ഞതു കൊണ്ടായിരിയ്ക്കും.



ഇന്നലെ സ്വന്തം ചിതയിലൂടെ ഞാൻ
ഒന്നൂർന്ന് നോക്കി.


കത്തി നിൽക്കുന്ന കൂടാരം പോലെ,

അകത്തൊന്നുമില്ലായിരുന്നു.

ഞാനും നിങ്ങളുമില്ലായിരുന്നു.
കണ്ണും കാഴ്ചയുമില്ലാത്തതുപോലെ….

എന്നിട്ടും ഞാൻ കാത്തുനിന്നു,
എന്തോ ബാക്കിയുള്ളതു പോലെ.

തെക്കേ ഇടവഴിയിലും,
കുളത്തിന്റെ കരയിലും,
മണ്ണാർക്കാടിന്റെ ഇരുട്ടിലും
ഞാൻ തിരഞ്ഞു നോക്കി….
കിടന്നുറങ്ങിയ പീടികത്തിണ്ണയിൽ,
അഡ്വലിന്റെ അടിയിലും,
നെരിപ്പോടിന്റെ ചുവട്ടിലും,
ഒരു തെളിവും ബാക്കിയില്ലായിരുന്നു.

തറവാട്ടു മുറിയിൽ,
വായിച്ചു മുഴുമിയ്ക്കാത്ത പുസ്തകങ്ങളിൽ,
ഞാൻ ബാക്കിയില്ലായിരുന്നു.

പിന്നെ പണ്ട് അച്ഛന്റെ കർമ്മങ്ങൾ
ചെയ്തു തീർത്ത രാത്രിയിലെ പോലെ
തെക്കോട്ട് തുറക്കുന്ന ജനൽ തുറന്ന്
കാത്തു നിന്നു.
ഈ കുറി എന്നെത്തന്നെ;


വെളുപ്പിനു കുട്ടികൾ ബലിയിടാൻ
തുടങ്ങിയിരുന്നു.

വരാത്ത ബലിക്കാക്കകളെ കാത്തു
നിന്ന കുഞ്ഞുമക്കളുടെ
കുശു കുശുപ്പിൽ
എനിയ്ക്കെന്റെ പേർ ഓർമ്മ വന്നു.



ഏഴാം നാൾ കടലിൽ
അസ്ഥികളൊഴുക്കിയപ്പോൾ

തിരിച്ചറിഞ്ഞതു പോലെ
കാറ്റില്ലാത്ത
ഒരു തിര വന്നു.

പുറം കടലിൽ
അസമയത്ത്
മഴ തുടങ്ങിയെന്ന്
അവസാത്തെ
വഞ്ചിക്കാരൻ
പറഞ്ഞു.

8 comments:

  1. ആദ്യം കണ്ണു തുറക്കുമ്പോൾ
    നമ്മൾ അറിയുന്നില്ല.

    കണ്ണു കണ്ണാണെന്നും,
    കാണാൻ പോകുന്നതു മുഴുവൻ
    കാഴ്ചയാണെന്നും,
    അറിയാത്തതു കൊണ്ടായിരിയ്ക്കും.

    തിരിച്ചരിവാകുമ്പോഴും ചിലര്‍ അറിയുന്നില്ല
    ഈ കാണുന്നത് മുഴുവന്‍ കാഴ്ചയാണെന്ന്.
    കണ്ടത് മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള തെത്രപ്പാടിലാണ്.

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു, തട്ടാനെ.

    ReplyDelete
  3. നല്ല വൈദഗ്ദ്യം ഉള്ള തട്ടാന്‍ ആണല്ലോ
    ഒന്നും സാരമുള്ളതല്ല
    ഒന്നും നിസ്സരവുമല്ല
    ഒന്നും ശാശ്വതവുമല്ല

    ReplyDelete
  4. ഒറ്റ വായനയില്‍ കവിത

    കണ്‍ തുറക്കുന്നത് ശ്രാദ്ധ കാഴ്ചകളിലേക്ക്.
    തന്നെ തന്നെ അന്വേഷിക്കുന്നുമുണ്ട്.
    അന്വേഷണം തുടരുക;
    കവിതയിലും
    ആശംസകള്‍.

    ReplyDelete
  5. താന്തോന്നിയ്ക്കും വിദൂഷകനും നിര്‍ഭാഗ്യവതിയ്ക്കും പിന്നെ അജ്ഞാതരായ എല്ലാവര്‍ക്കും നന്ദി, നമസ്ക്കാരം.

    ReplyDelete
  6. കവിത വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  7. കവിത ഉള്ളിലും ചിതയിലും പരതുന്നത് ജിവിതത്തിന്റെ പൊരുളാണല്ലോ, നന്നായിട്ടുണ്ട്!

    ReplyDelete
  8. നന്ദി കുമാരന്‍, ശ്രീനാഥന്‍.

    ReplyDelete